അപർണ്ണ
Updated: Aug 9

ഇന്നലെ ഇക്കിയോട് പറഞ്ഞ മൺസൂൺ കഥ അങ്ങ് അങ്ങ് ഒഡീഷയിൽ നിന്ന്.! മുൻപ് ഒറീസ എന്നാണ് ഈ സംസ്ഥാനത്തെ വിളിച്ചിരുന്നത്. അശോക ചക്രവർത്തിയുടെ കലിംഗ രാജ്യം!
മഹാനദി തീരത്തെ സമ്പൽപൂർ .മഴപെയ്യേണ്ട കാലമായിട്ട് ഒരു കാർമേഘം പോലും സമ്പൽപൂരിലെത്തിയില്ല. കൊടും വേനലിൽ നാട് വെന്തുരുകി. പാടത്തെ വിളകളൊക്കെ ഉണങ്ങി കരിഞ്ഞു. വെള്ളം കിട്ടാതെ മനുഷ്യരും, കന്നുകാലികളും വലഞ്ഞു. മഹാനദി ഉണങ്ങി ഒരു നേർത്ത അരുവിയായി മാറി. ആകെ വലഞ്ഞ ജനങ്ങൾ സമ്പൽ പൂരിൻ്റെ സംരക്ഷകയായി കരുതുന്ന സാമലേശ്വരി ദേവിയോടു കരഞ്ഞു സഹായം അപേക്ഷിച്ചു. പക്ഷേ ഒരു തുള്ളി മഴ പോലും പെയ്തില്ല. അവരുടെ കൂട്ടത്തിൽ അപർണ്ണ എന്നൊരു പെൺകുട്ടി ഉണ്ടായിരുന്നു. ആകെ തളർന്നു നിരാശരായ ജനങ്ങളോട് അവൾ എന്നും പറയും. " മഴ പെയ്യും: മഹാനദിയിൽ വെള്ളം നിറയും. സമ്പൽപൂർ പഴയതുപോലെ ആകും " പക്ഷേ പ്രതീക്ഷ നഷ്ടപ്പെട്ട ജനങ്ങൾ അതു കാര്യമാക്കിയില്ല. അപർണ്ണ എന്നും അതിരാവിലെ അപ്പോൾ വിരിഞ്ഞ പൂക്കളുമായി സാമലേശ്വരി ദേവി ക്ഷേത്രത്തിൽ എത്തി കണ്ണുനീരോടെ ദേവിയോട് തൻ്റെ നാടിനെ രക്ഷിക്കണേ എന്നു കരഞ്ഞു പ്രാർത്ഥിക്കും. മഴ ഉടനേ ചെയ്യുമെന്ന് അവൾ വിശ്വസിച്ചു. അവളുടെ കണ്ണുനീരിൽ മനസലിഞ്ഞ സാമലേശ്വരി ദേവി ഒരു ദിവസം അവളോടു പറഞ്ഞു " നിൻ്റെ പ്രാത്ഥന എൻ്റെ മനസ്സലിയിച്ചിരിക്കുന്നു. നാളെ അതിരാവിലെ നീ മഹാനദിയിൽ എത്തുക അവിടെ നിനക്കു ഒരു അത്ഭുതം കാണാം "
അതിരാവിലെ ,സൂര്യൻ ഉദിക്കുന്നതിനും ഒരു പാടു മുൻപ് അപർണ്ണ മഹാനദിക്കരയിൽ എത്തി. നേർത്ത് ഒഴുക്കുന്ന നദിയിൽ നിന്നും അവൾക്ക് തിളങ്ങുന്ന ഒരു കല്ലുകിട്ടി. ആ കല്ല് അപർണ്ണ കയ്യിലെടുത്തപ്പോൾ ഒരു തിളങ്ങുന്ന മീനായി മഹാനദിയിലേക്കു വഴുതി വീണു . പുഴ പെട്ടെന്നു വികസിച്ചു. കരതൊട്ട് ഒഴുകി. ചാലുകളിൽ വെള്ളം നിറഞ്ഞു. എവിടെ നിന്നോ ആകാശത്ത് കാർമേഘങ്ങൾ ഒഴുകി ഒഴുകി എത്തി. ഇടിവെട്ടി മഴ പെയ്തു. ഭൂമി കുളിർത്തു. സമ്പൽപൂർ കാർ അപർണ്ണയോടു നന്ദി പറഞ്ഞു. അവർ സാമലേശ്വരി ദേവിക്കു പ്രത്യേക ഉത്സവം നടത്തി. സമ്പൽപൂർ വീണ്ടും സമ്പൽ സമൃദ്ധമായി.
കാലാകാലങ്ങളിൽ നല്ല മഴയും വിളവും കിട്ടാൻ ഇന്നും സമ്പൽപൂർക്കാർ സാമലേശ്വരിയോടു പ്രാത്ഥിക്കുന്നു. അവരുടെ നാടിൻ്റെ സംരക്ഷകയായി അവർ സാമലേശ്വരി ദേവിയെ കരുതുന്നു
***പുരി ജഗന്നാഥ ക്ഷേത്രം, കോണാർക്ക് സൂര്യ ക്ഷേത്രം ഇവയോടൊപ്പം ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന ക്ഷേത്രമാണ് മാസാമലേശ്വരി ക്ഷേത്രം.**
മൺസൂൺ സ്റ്റോറീസ് എന്ന പുസ്തകത്തിൽ നിന്ന്

Comments